മാധ്യമങ്ങൾ അമ്പരപ്പിക്കുന്നു. ഈയ്യിടെയായി സൈബർ / സാമൂഹിക മാധ്യമങ്ങളിലെ അപരിമേയമായ പ്രസാധന സ്വാതന്ത്ര്യത്തെ ലോബിയിസ്റ്റുകൾ അവരുടെ അജണ്ടകൾ / പ്രൊപ്പഗാൻഡകൾ പോസ്റ്റു ചെയ്ത് മലീമസമാക്കുന്നുവെന്നുള്ളതും ശ്രദ്ധിക്കപ്പെട്ടിരുന്നു
എന്താണ് മാധ്യങ്ങൾ പുലർത്തേണ്ടുന്ന സാമൂഹ്യ ധർമ്മം? സമകാലിക മാധ്യമ പ്രവർത്തനത്തിന് ധാർമ്മികതയുടെ ദൃഢഘടനയുണ്ടോ? ശരാശരി മനുഷ്യന്റെ ബോധമണ്ഡലത്തിൽ ഇന്നത്തെ മാധ്യമങ്ങൾ ചെലുത്തുന്ന മതാത്മക, രാഷ്ട്രീയ, സാമൂഹിക, സാംസ്ക്കാരിക സ്വാധീനങ്ങൾ എത്രകണ്ട് മൂല്യാധിഷ്ഠിതമാണ്. സമകാലിക സമൂഹത്തിന്റെ സഞ്ചിത സാമൂഹ്യബോധത്തെ (collective consciousness) നിർമ്മിച്ചെടുക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്ക് എത്ര കണ്ട് നിർണ്ണായകമാണ?.മാധ്യമ പ്രവർത്തനത്തെ കുറിച്ച് ഇത്തരം സമസ്യകൾ ഉള്ളിൽ ഉയരാറുണ്ട്.
മാധ്യമങ്ങൾ വ്യക്തിയിലും സമൂഹത്തിലും ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ജ്ഞാന നിർമ്മാണ പ്രക്രിയയെ കുറിച്ചും ആലോചിച്ചു പോകുന്നു
സാമൂഹിക മാധ്യമങ്ങളിലെ അപാരമായ പ്രസാധക സ്വാതന്ത്ര്യം മത, വർഗ്ഗീയ പൗരോഹിത്യങ്ങളും കക്ഷിരാഷ്ട്രീയ പ്രഭൃതികളും, നിക്ഷിപ്തമായ അജണ്ടകളുടെയും പ്രൊപ്പഗാൻഡകളുടെയും
തേർവാഴ്ചക്കിടം കൊടുക്കുന്നതും നാം നിത്യേന കാണുന്നു
ജനാധിപത്യ, മാനവിക സാമൂഹ്യ മൂല്യങ്ങൾ
എത്ര ആസൂത്രിതമായാണ് രാഷ്ട്രീയ മത മേലദ്ധ്യക്ഷന്മാരും ഫാസിസ്റ്റുകളും ബലി കഴിക്കുന്നത് എന്നതും സുവിദിതമായി നമ്മുടെ മുന്നിലുണ്ട്.
ഇന്ന് ജീവിക്കുന്ന ഓരോ വ്യക്തിയുടെയും സാമൂഹ്യ സദാചാര ബോധത്തെയും സങ്കൽപ്പങ്ങളെയും ഉൽപ്പാദിപ്പിക്കുന്നതിലുo, നിയന്ത്രിക്കുന്നതിലും, നിർണ്ണയിക്കുന്നതിലുo മാധ്യമങ്ങൾക്കുള്ള പങ്ക് നിസ്തുലവും അവിതർക്കിതവുമാണ് എന്ന് ചുരുക്കം.
മാധ്യമ വിചാരണകളിൽ നിന്ന മനുഷ്യാന്തസ്സിന്റെ പരകോടി് ദർശിക്കുന്ന മാനവികതയിലേക്ക് നടക്കുമ്പോൾ ഉത്തരാധുനികമായ ഈ ജീവിത പരിസരത്തിലും മാനവികതയുടെ പങ്ക് നിസ്തർക്കമാണ്. മാനവികത മതേതരമോ
മതാത്മകമോ ആവട്ടെ, അത് മനുഷ്യ യുക്തിക്കും, സാമൂഹ്യനീതിക്കും ഊന്നൽ നൽകുന്നു. ജ്ഞാന വിജ്ഞാനീയങ്ങളുടെ ഉൽപ്പാദന, വിതരണ പ്രക്രിയ തീർത്തും ജനാധിപത്യപരവും മതേതരവുമാകേണ്ടതുണ്ട്. നമ്മുടെ മാനവികതയെ കുറിച്ചുള്ള വീക്ഷണ വിചാരധാരകൾ ശാസ്ത്ര ബോധത്തിന്റെ തെളിമയോടെയും താത്ത്വികമായ അപഗ്രഥന പദ്ധതികളിലൂടെ നിർമ്മിച്ചെടുക്കേണ്ടതുണ്ട്.
ദൃശ്യമാധ്യമ രംഗത്തെ ഇന്നത്തെ പ്രവണതകൾ വേദനാജനകമാണ്.വാർത്തകളെ വളച്ചൊടിച്ച് യഥാർത്ഥ്യത്തിൽ നിന്ന് വസ്തുനിഷ്ഠതകളിൽ നിന്ന് എത്ര അകറ്റാ മോ, അതാണ് ഓരോ ടെലിവിഷൻ ചാനലുകളും ചെയ്തു പോരുന്നത്. വാർത്താപ്രാധാന്യം വർദ്ധിപ്പിക്കാനായി വസ്തുതകളെ സെൻസേഷണലൈസ് ചെയ്ത് അവതരിപ്പിക്കുക എന്നത് സാർവ്വത്രികമായി ചാനലുകൾ ചെയ്ത് പോരുന്നു. പ്രൈം ടൈം ന്യൂസ് അവതരണ സമയത്തെ കൊഴുപ്പിക്കാനായി വാർത്ത വൈകൃതങ്ങൾ ഒരുക്കുമ്പോൾ, ശരാശരി പ്രേക്ഷകൻ മസ്തിഷ്ക്ക പ്രക്ഷാളനത്തിന് വിധേയനാവുന്നു. വാർത്തകളിലെ മിഥ്യയും, തഥ്യയും തിരിച്ചറിയാനാവാതെ വിവശനാവുന്നു.
ഒരു പ്രമുഖ ടെലിവിഷൻ ചാനലിലെ മാധ്യമ പ്രമുഖർ വിശ്രുതനും, വന്ദ്യവയോധികനുമായ ഒന്ന മലയാള സാഹിത്യകാരനെ അഭിമുഖം ചെയ്ത രീതി ജുഗുപ്സാവഹമായി തോന്നി മാധ്യമ പ്രവർത്തനത്തിലെ വില കുറഞ്ഞ പപ്പരാസി മഞ്ഞപ്പത്ര സംസ്ക്കാരം വിളംബരം ചെയ്യുന്നതായിരുന്നു മേൽപ്പറഞ്ഞ അഭിമുഖം.
സാഹിത്യകാരന്റെ സ്വകാര്യ ജീവിതത്തിലെ പരസ്ത്രീ ബന്ധങ്ങളെക്കുറിച്ച് അറിയാനും ജനങ്ങളെ അറിയിക്കാനുമായിരുന്നു മാധ്യമ പ്രമുഖന്റെ തിടുക്കം.മലയാള ഭാഷക്കം അവിസ്മരണീയമായ നിരുപമായ സാഹിത്യ സംഭാവനകൾ ചെയ്ത, വാർദ്ധക്യ സഹജമായ ദൈന്യതകൾ ഉള്ള ഒരു എഴുത്തുകാരനെ പരസ്യമായി തേജോവധം ചെയ്യുന്ന രീതിയിലുള്ളതായിരുന്നു ആ മുഖാമുഖം. മാധ്യമ പ്രവർത്തനത്തിന് മാനവികതയുടെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ തെളിവുകൾ നിരവധി വേറെയുമുണ്ട് നമുക്ക് മുന്നിൽ.
മലയാളിയുടെ മന:സാക്ഷി മരവിച്ചു പോകുന്നുവോ എന്ന് ആശങ്കപ്പെടാതെ വയ്യ. സാഡിസവും, ആത്മരതിയും അവനെ ഇത്ര തീവ്രമായി ഗ്രസിക്കുന്നതെന്താണ്? ശരാശരി മലയാളിയിൽ ഒരു സൈക്കോപാത്ത് ഒളിഞ്ഞിരിപ്പുണ്ടോ?
ഈ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കന്നത് ഏവർക്കും പ്രിയങ്കരമായ ഫേസ് ബുക്കിൽ പലപ്പോഴായി കണ്ട ചില പോസ്റ്റുകളാണ്.വാഹനാപകടങ്ങളുണ്ടായാൽ ചോരയിൽ കളിച്ചു കിടക്കുന്ന സഹജീവിക്ക് എത്രയും പെട്ടെന്ന് വൈദ്യ ശുശ്രൂഷ എത്തിക്കാൻ ശ്രമിക്കുകയോ, പ്രഥമ ശുശ്രൂഷ നൽകുകയോ ചെയ്യുന്നതിന് പകരം ഉടനെ സെൽ ഫോൺ ക്യാമറയിൽ ചോരച്ചിത്രങ്ങളും വീഡിയോകളും, സെൽഫികളുമെടുത്ത് ഉടനെ മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്യാൻ അവനെ പ്രാപ്തനാക്കുന്ന മനോവികാരത്തിന്റെ വന്യത ഞെട്ടിപ്പിക്കുന്നതാണ് .
നൂറ് ശതമാനം സാക്ഷരമെന്ന് അവകാശപ്പെടുന്ന പ്രബുദ്ധ കേരളത്തിന്റെ ചില ആകാശച്ചിത്രങ്ങൾ മാത്രമാണിത്.
സഹാനുഭൂതിയുടെ കാരുണ്യത്തിന്റെ, സർവ്വോപരി സഹജീവി സ്നേഹത്തിന്റെ
ഭാവി ഭാവന മാത്രമാണെന്നോ?
അങ്ങനെ വിധിയെഴുതാനാവില്ല. വയനാട്ടിലെ ആദിവാസികൾക്ക് വൈദ്യ സേവനം ചെയ്ത, അകാലത്തിൽ പൊലിഞ്ഞു പോയ, പാവങ്ങളുടെ ആ ഡോക്ടർ, നിലമ്പൂർക്കാരനായ Dr. PC
ഷാനവാസിനെപ്പോലെയുള്ള നിസ്വാർത്ഥതയുടെ പര്യായം, മനുഷ്യനിൽ ദീപ്തമാവേണ്ടുന്ന മാനവികത അസ്തമിച്ചിട്ടില്ല എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു’
എഴുത്ത് : ശ്രീജിത്ത് നായർ