മുറിയുടെ ഏകാകിതയിൽ തലയണകൾക്കിടയിൽ മുഖം പൂഴ്ത്തി അവൾ കിടന്നു .കൺതടങ്ങളിൽ കല്ലിപ്പുണ്ട് നീലിമയാർന്നൊരു തിണർപ്പും. അത്രമേൽ വിഹ്വലതകളും സംത്രാസങ്ങളും നേരിടാനുള്ള കെൽപ്പ് അവളുടെ നേർത്ത നൂലിഴ പോലുള്ള ശരീരത്തിനില്ലായിരുന്നു തേങ്ങലുകളും വിങ്ങലുകളും അതിജീവന സാധ്യത ഒട്ടും ഇല്ലാത്ത ആത്മാഹൂതിയായിരുന്നു അവൾക്ക്
ഉറക്കത്തിനും ഉണർവ്വിനുമിടയിലുള്ള സ്വപ്ന യാനങ്ങളിൽ അവൾ ചുമരിലുള്ള കണ്ണുകളെ തെരഞ്ഞു.ഓരോ ആവർത്തി നോക്കുമ്പോഴും അവൾ കൂടുതൽ വിവർണ്ണയാകുകയും ചുമരിലെ കൺനോട്ടത്തിന്റെ കാച മൂർച്ചയിൽ വിവസ്ത്രയാക്കപ്പെടുക ചെയ്തു.
സ്വപ്നയാനങ്ങളുടെ നീൾച്ചയിൽ, ഗരിമയിൽ അവൾ പാലറ്റിലെ പെയിന്റിംഗ് നിറക്കൂട്ടുകളിലേക്കും ശുഭ്രമായ കാൻവാസ് വിസ്തൃതിയിലേക്കും സ്വയം വിധേയയായി.ഉൾനീറ്റലുകളും നിരാസങ്ങളും തിരസ്ക്കാരങ്ങളുമെല്ലാം കാൻവാസിലെ അമൂർത്തതകളായി വരച്ചിട്ടു. ബ്രഷിൻ തുമ്പിൽ ഉന്മാദിനിയായി ഉറഞ്ഞു തുള്ളി
പാതിര യാമങ്ങളിലോ ബ്രാഹ്മമുഹൂർത്തങ്ങളിലോ സ്വയം ത്രസിച്ചുണർന്ന് അജ്ഞാതമായ ഇന്ദ്രിയരൂപകങ്ങളുടെ ഉൾവിളിയാലും മസ്തിഷ്ക്കത്തിലെ ഏതോ വനഗാഢതയിൽ നിന്നുയിർക്കൊള്ളുന്ന പ്രതീകപ്പിണച്ചിലിൽ ഊയലാടിയും ബിംബ പ്രതീതിയുള്ള ചിദാകാശത്ത് അവളലഞ്ഞു വൃത്തമുള്ളതും് ഛന്ദോബദ്ധവുമായ കാവ്യശില്പങ്ങൾ, സാരസ്വതങ്ങളായി എഴുത്തു് കടലാസിലേക്ക് വാർന്നു വീഴുന്നത് അവൾ പോലുമറിഞ്ഞില്ല
സമീപ ക്ഷേത്രത്തിലെ വാകച്ചാർത്ത് കഴിഞ്ഞ് നട തുറക്കുമ്പോൾ ഉണ്ടാകാറുളള മണിയൊച്ച കാതോർത്ത് അവളിരുന്നു. തുറന്ന മഷിപ്പേനയിലൂടെ അവൾ ചെന്നെത്തിയത് പഴയ കളിമുറ്റത്തേക്കായിരുന്നു അവൾ എഴുതുന്നു
കളിമുറ്റത്ത് ഞാൻ ഏകയല്ല മദനനുമുണ്ട് .എന്റെ കളിക്കൂട്ടുകാരൻ.ഞങ്ങൾ കക്ക് കളിക്കുകയാണ്.ഒരു തുണ്ട് മാർബിൾ കഷണത്തെ മുറ്റത്തു വരച്ച വലിയ ചതുരക്കളത്തിൽ നിന്ന് ഉള്ളിലുള്ള ചെറു കളങ്ങളിലേക്ക് ഒറ്റക്കാലിൽ നിന്നും ചാടി തെറിപ്പിച്ചും ശരീരത്തിനെ തുലനത്തിൽ നിർത്തി കളിക്കുന്ന കളിയാണല്ലോ കക്ക് കളി
മദനൻ മടി പിടിച്ചിരിക്കുമ്പോൾ കളിക്കളത്തിലേക്ക് ഇറങ്ങാതെ നിഷ്ക്രിയനാവുമ്പോൾ എന്റെ വളർന്ന കൈനഖങ്ങൾ അവന്റെ തുടുത്ത കൈത്തണ്ടയിലേക്ക് ആഴ്ന്നിറങ്ങും
“മദനാ മടിയാ കളിക്ക് നിന്റെ മടിയെ ഞാനിന്ന് പമ്പ കടത്തും.ശ്ശൊ ഇങ്ങനേമുണ്ടോ ഒരു കുഴിമടി.’’ ഞാൻ മദനന്റെ ആണഹന്തയെ നോവിക്കും
“എനിക്ക് വയ്യ നിന്റെ കളിക്കുറുമ്പിനൊത്തു തുള്ളാൻ നീ വലിയൊരു കളിക്കാരി നാണമില്ലേ നിനക്ക് എന്നെപ്പോലൊരു ആൺകുട്ടിയോടൊത്ത് കളിക്കാൻ മദനൻ എന്നെ ചൊടിപ്പിക്കും. അപ്പോൾ മദനന്റെ തുടുത്ത കവിൾ നിറയെ ഒരു തുടം ചോര വന്നു നിറയും.
കളിമൂർച്ചയിലൊരിക്കൽ കക്ക് തെറിച്ചു വീണത് എന്റെ അമ്മയുടെ നെഞ്ചത്തായിരുന്നു കളിമുറ്റത്തെ പടിഞ്ഞാറേക്കോണിൽ
മുത്തച്ഛൻ പകുതി പണിഞ്ഞ് നിർത്തിയ പാഴെടുപ്പിന്റെ പിൻവശത്ത് എന്റെ അമ്മ നിത്യനിദ്രയിലായിരുന്നു
പെട്ടെന്ന് മദനന്റെ മുമ്പിൽ വെച്ച് എന്റെ മുഖത്ത് ഒരു മഴക്കാറ് ഉരുണ്ടു കൂടി. (മഴക്കാറ് എന്ന പ്രയോഗത്തിന് മദനനോട് കടപ്പാട്)
അവനെ തീർത്തും നിസ്സഹായനാക്കി ഒരു മഴയാവാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല
“മദനാ അമ്മേടെ നെഞ്ചിലാ കക്ക് കൊണ്ടത്. എന്നെ താരാട്ടിയ നെഞ്ചത്ത്. എന്റെ വാക്കുകളിലെ ഈർപ്പം ഞാൻ തന്നെ അനുഭവിച്ചു
പുഴയിറമ്പത്തെ എന്റെ വീട് നിലാവിലാണ്. ആ വീട്ടിൽ അച്ഛനും ഞാനും മാത്രമേയുള്ളു. അച്ഛന്റെ താമരപ്പൈതലാണ് ഞാൻ. (മദനൻ കേൾക്കണ്ട. അച്ഛൻ എന്നെ അങ്ങനെ വിളിക്കുന്നത് കേൾക്കുമ്പോഴേ അവന് അസൂയയാ) അച്ഛന്റെ താമരപ്പൈതലേ എന്നു തുടങ്ങുന്ന താരാട്ട് കേൾക്കാതെ ആ നെഞ്ചിൻ ചൂടിൽ തലച്ചായ്ക്കാതെ ഞാൻ ഉറങ്ങാറില്ലായിരുന്നു.
പൗർണ്ണമിയുടെ ഹൃദയത്തിൽ ഒരു മുയൽക്കുട്ടനു്ണ്ട്.ആകാശം വിതാനിച്ച് നിറയെ നക്ഷത്രപ്പൂക്കളും. അച്ഛന്റെ വഞ്ചിയെ ഞാൻ വിളിക്കുന്നത് കളിയോടമെന്നാണ്. കളിയോടത്തിൽ അച്ഛന്റെ നെഞ്ചിലേക്ക് തല ചായ്ച്ച് ആകാശം നോക്കി് കിടക്കുമ്പോൾ ആ സ്വർഗ്ഗീയതകളിൽ സ്വയം നഷ്ടപ്പെട്ട് ആകാശപ്പരപ്പിലെ ഒരു തുണ്ട് മേഘമായി ഞാൻ ഒഴുകി അലയാറുണ്ട്. അമ്മയുടെ നഷ്ടം നികത്താൻ അച്ഛന്റെ സാന്നിധ്യം എന്നും ശ്രമിക്കാറുണ്ട്. ശാകുന്തളത്തിലെ ശകുന്തളയെക്കുറിച്ച് അച്ഛൻ് വർണ്ണിക്കുമ്പോഴൊക്കെ ആ ശ്യാമ സൗന്ദര്യത്തിൽ ഞാൻ അമ്മയെ കാണാറുണ്ടായിരുന്നു
സാന്ത്വനം ലഭിക്കാതെ ഉഴറുന്ന ചില വേളകളിൽ ആൾക്കൂട്ടത്തിന്റെ കഴുകൻ കണ്ണുൾക്ക് ഇരയാവുമ്പോൾ, അച്ഛന്റെ ശാസനകൾ കഠിനമാവുമ്പോൾ പടിഞ്ഞാറ്റയിൽ മുത്തച്ഛൻ പണിത പാഴെടുപ്പിന്റെ മുമ്പിലുള്ള കളിമുറ്റത്തിന്റെ അവസാന പാതിയിലെ അമ്മയുടെ മാറിലേക്ക് ഞാൻ കാതുകൾ ചേർത്ത് വെക്കും. അദൃശ്യയായിട്ടാണെങ്കിലും അമ്മ എന്നെ സാന്ത്വനിപ്പിക്കും, സ്വകാര്യങ്ങൾ മന്ത്രിക്കും അപ്പോൾ അപാരമായ ഒരാന്ദോളനത്തിൽ ഞാനില്ലാതെയാവുമ്പോലെ. അവൾ തുറന്ന മഷിപ്പേന അടച്ചു വെച്ചു
“out of ash,
I rise with my red hair
And I eat men like air “
Sylvia Plath
Lady Lazarus
പ്ലാത്തിന്റെ മൃത്യു കവിതയിൽ നിന്നൊരു വരി അവളുടെ വായിൽ നിന്നടർന്നു വീണു. പഠിക്കാതെ പഠിച്ച ഒരു വരി.
അവളെഴുതിയ ഓരോ കവിതയും അവളുടെ ചോരയിൽ നിന്ന് വാർന്ന് വീണതാണെന്ന് തോന്നിയിരുന്നു. ബ്രാഹ്മമുഹൂർത്തത്തിൽ അവളെഴുതിയ ഭ്രമ കൽപ്പനകൾ പലതും കഥാ ശിൽപ്പങ്ങളായപ്പോൾ അവൾ ശാന്ത വൈഖരികളെ സ്തുതിച്ചു
സൂര്യ തീക്ഷ്ണമായ പകലിലേക്ക് സ്വയം എടുത്തെറിഞ്ഞ പോലെ അവളിരുന്നു. വാർമുടിക്കെട്ട് അഴിഞ്ഞുലഞ്ഞിരിക്കുന്നു. ചന്ദനക്കുറി പാതി മാഞ്ഞിരിക്കുന്നു. കവിളുകൾ ചുവന്നു തുടുത്തിരിക്കുന്നു. ഭീതിയോടെ അവൾ ചുമരിലേക്ക് നോക്കി. ആയിരത്തോളം കണ്ണുകൾ.ചിലത് ചിരിക്കുന്നു. ചിലത് ചുളിഞ്ഞിരിക്കുന്നു. ചിലത് കുപിതം.ചിലവ ഇറുക്കിയടച്ചവ. ചിലതിലോ തീവ്ര കാമനകളും. കണ്ണുകൾ തന്നെ നഗ്നയാക്കും പോലെ കണ്ണുകൾ കടൽ ഞണ്ടുകളായി മേലാസകലം അരിച്ചു നടക്കുന്നു. ഒരു വലിയ കൈപ്പത്തിയോളം പോന്ന കടൽ ഞണ്ടുകൾ ദുരമൂത്ത് മദിച്ചു വരുന്ന ഞണ്ടുകൾ താനിപ്പോൾ അപഹരിക്കപ്പെടും അവളുടെ ശിരസ്സിൽ തീ പടർന്നു
” of all writing
I like the one
which write with blood “
Write with blood
and you will find blood is the spirit “
Frederick Nietsche
Thus Spake Zarathustra
പോഴ്സലീൻ ഫലകത്തിൽ കറുത്ത അക്രിലിക്കിൽ അവൾ പെയിന്റ് ചെയ്തത് നീഷേയുടെ ഈ ആപ്തവാക്യമായിരുന്നു
“നീഷേ ഇത് എനിക്കായി എഴുതിയതാവണം” ആത്മഗതമെന്നോണം അവൾ …..
ആൾക്കൂട്ടം എന്നും തന്റെ പിന്നാലെയുണ്ട്. മുറിയിലെ ചുമരിൽ കണ്ണുകളുടെ എണ്ണം തിട്ടപ്പെടുത്താനാവാത്ത വണ്ണം വളർന്നിരിക്കുന്നു. ജാലകത്തിനു പുറത്ത് ആൾക്കൂട്ടം ഉരുളൻ കല്ലുകൾ പിടിച്ച് അവളുടെ പിറകെ
മദനനെവിടെ…. അച്ഛനെവിടെ….?
വീട്ടിനു പുറത്തേക്ക് ഇറങ്ങാൻ വയ്യ’ പറമ്പു മുഴുവൻ വേട്ടനായ്ക്കളാണ് നാക്കുകൾ പുറത്തേക്ക് നീട്ടി ചോരച്ചൂടുള്ള ഒരിരയെ കിട്ടാൻ കാത്തിരിപ്പാണ് അവ.
അവളിരിക്കുന്ന മുറിയുടെ ഒരു വശത്ത് ടീപ്പോയിക്ക് മുകളിലും ഭിത്തികൾക്കിരുവശത്തും അവൾ പണിതീർത്ത തേക്കു ശി്ല്പങ്ങൾ ഇളകിയാടും പോലെ. പുറത്തേക്ക് നോക്കിയപ്പോൾ പറമ്പിലെ പടിഞ്ഞാറു ഭാഗത്ത് മുത്തച്ഛൻ പണിഞ്ഞ പാഴെടുപ്പിനു ചുറ്റും കള്ളിമുൾച്ചെടികൾ വളർന്നു തെഴുത്തിരിക്കുന്നു. മുമ്പേ അവൾ ശ്രദ്ധിക്കാത്തതോ, അതോ ഇത് വരെ കാണാത്തതോ എന്ന് അവൾക്ക് തന്നെയറിയില്ല…. ഒരു പേരാൽ …..
വേരുകൾ ആത്മശാഖികളായി മണ്ണിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. പേരാലിനു മുമ്പിലുള്ള തന്റെ കളിമുറ്റം എത്ര വെടിപ്പുള്ളതായിരുന്നു. ഇപ്പോഴവിടെ പാഴിലകളുടെ വൃദ്ധ പ്രേതങ്ങളുണ്ട്.
അവളുടെ കാഴ്ചയുടെ കേന്ദ്രം കളിമുറ്റത്തിന് പിടഞ്ഞാറ്റയിൽ മുത്തച്ഛൻ ഉണ്ടാക്കിയ പഴയ എടുപ്പിനു മുമ്പിലുള്ള അമ്മയുടെ നെഞ്ചകമായിരുന്നു. അതിനു മുകളിൽ പുൽക്കിളിർപ്പുകൾ, തൊട്ടാവാടിയുടെ പുതുനാമ്പുകൾ തലപൊന്തിച്ചിരിക്കുന്നു. തൊട്ടാവാടിയുടെ വാടിയ ഇലകൾക്ക് മീതെ ഒരു രാവിന്റെ പരിണിതമായ നീഹാര കണങ്ങളും.
ചെറുകഥ :ശ്രീജിത്ത് എം.എസ്
“2001 കേരള യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്റെർ, കായംകുളം നടത്തിയ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സർഗ്ഗ പ്രതിഭാ പുരസ്ക്കാരത്തിന് അർഹമായ രചന.