കൂട്ടുജീവിതത്തിന്റെ ആരംഭകാലം മുതല്‍ തന്നെ ഒറ്റപ്പെടല്‍ എന്നത് മനുഷ്യന് വല്ലാതെ ഭയപ്പെട്ട ഭീകരാവസ്ഥകളില്‍ ഒന്നായിരിക്കണം. അതുകൊണ്ടുതന്നെയായിരിക്കണം ഇംഗ്ലീഷ് നോവല്‍ ചരിത്രത്തിന്റെ ആരംഭംതന്നെ റോബിന്‍സണ്‍ ക്രൂസോയുടെ കടുത്ത ഏകാന്താനുഭവങ്ങളില് നിന്നായത് യാദൃശ്ചികമാകാന്‍ വഴിയില്ല എന്ന് നാം കരുതുന്നത്. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന് ചെയ്യുന്നതെന്തെല്ലാമായിരിക്കാം എന്ന ചിന്ത നമ്മെ സംബന്ധിച്ച് അടുത്തകാലം വരെ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ പോലെ വിചിത്രഭാവനകള്‍ മാത്രമായിരുന്നു. മാത്രമല്ല ജീവിതക്രമം മാറ്റി സ്ഥാപിക്കുന്നതിലും അതിജീവനത്തിന്റെ മറുപാഠങ്ങള്‍ അന്വേഷിക്കുന്നതിലും ഒറ്റപ്പെട്ട ഒരാള്‍ എത്രനാള്‍ വ്യാപൃതനാകും എന്നതും നമുക്ക് അന്യമായ ചിന്തകള്‍ മാത്രമായിരുന്നു. സാമൂഹികമായും വ്യക്തിപരമായും ഒരാള്‍ നേരിടുന്ന ഒറ്റപ്പെടല്‍ ശാരീരികമായും മാനസീകമായും അയാളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാണ്. അത് വ്യക്തിജീവിതത്തെക്കുറിച്ചും സാമൂഹികബന്ധങ്ങളെക്കുറിച്ചുമുള്ള അയാളുടെ കാഴ്ചപ്പാടുകളെ കീഴ്മേല്‍ മറിക്കുന്നു. താന്‍ വിശ്വസിച്ചുറപ്പിച്ച പലതിന്റെയും അന്തസ്സാരശൂന്യതയെക്കുറിച്ച് അയാളില്‍ തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. താന്‍ രൂപപ്പെടുത്തിയെടുത്ത ചരിത്രബോധവും വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള ധാരണകളും പുനര്‍വിചിന്തനം ചെയ്യാനും പുനര്‍നിര്‍വ്വചിക്കാനും അയാള്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു. ഇങ്ങനെയുള്ള പുനര്നിര്വ്വചനങ്ങളുടെ വിശകലനമാണ് ഒറ്റപ്പെടുലുകളെ ആധാരമാക്കി നിര്‍മ്മിക്കുന്ന ഓരോ സിനിമയും.
ഒറ്റപ്പെട്ട ഒരു മുറിയ്ക്കുള്ളില്‍ പ്രതിധ്വനിക്കുന്ന ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദത്തില്‍ ആരംഭിക്കുന്ന ‘റൂം’ എന്ന ചലച്ചിത്രം ജോയ് എന്ന അമ്മയും ജാക്ക് എന്ന മകനും അനുഭവിച്ചുതീര്‍ത്ത നിശബ്ദജീവിതത്തിന്റെ ദുരിതകഥയാണ് പറയുന്നത്. ബന്ദിതജീവിതത്തിന്റെ രണ്ടാം വര്‍ഷത്തിലാണ് ജോയ്ക്ക് താന്‍ ഏറ്റുവാങ്ങിയ കൊടിയ പീഠനത്തിന്റെ തിക്തഫലം പോലെ ജാക്ക് പിറക്കുന്നത്. ജാക്കിന് ലോകം എന്നത് ഒരു മുറി മാത്രമായി പരിണമിക്കുമ്പോള്‍ അതിന്റെ നിശബ്ദസാക്ഷിയായി മാറാന്‍ മാത്രമാണ് ജോയ്ക്ക് കഴിയുന്നത്. തന്റെ മുറിയിലുള്ള പഴയ ടെലിവിഷനില്‍ ജാക്ക് കാണുന്ന മനുഷ്യരും ലോകവും സംഭവങ്ങളുമെല്ലാം അയഥാര്‍ത്ഥമാണെന്നും അവയെല്ലാം യക്ഷിക്കഥകളുടെ ഭാഗമാണെന്നും വിശ്വസിപ്പിക്കാന്‍ അവന്റെ അമ്മയ്ക്ക് കഴിയുന്നുണ്ട്. താന്‍ താമസിക്കുന്ന മുറിയും അതിനു പുറത്ത് ഒരു അയഥാര്‍ത്ഥ ലോകവും ടെലിവിഷന്‍ ദൃശ്യങ്ങളുടെ ഒരു ലോകവും പിന്നെ ഒരു കീറ് ആകാശവും എന്നതാണ് അവന്റെ പ്രപഞ്ച സങ്കല്‍പ്പം. എന്നാല്‍ ക്രമേണ മുത്തശ്ശിയുടെ വീട് എന്ന സമാന്തര ലോകത്തെക്കുറിച്ചുകൂടി അവന് സൂചനകള്‍ നല്കാന് അമ്മ നിര്ബന്ധിതയാകുന്നുണ്ട്. ആ സമാന്തര ലോകത്തും അസ്വാതന്ത്ര്യത്തിന്റെ ജയില്‍ മുറികളും സ്വതന്ത്രസഞ്ചാരങ്ങളെ റദ്ദ് ചെയ്യുന്ന തടവറകളുമുണ്ടെന്ന് അമ്മ സൂചിപ്പിക്കുന്നു.
മനസിനെയോ ശരീരത്തെയോ ഉലയ്ക്കാത്ത തരത്തില്‍ ഈ ചലച്ചിത്രത്തിലൂടെ കടന്നുപോകാന്‍ ഒരു ആസ്വാദകനും കഴിയില്ല. സിനിമയുടെ നൂറ്റിപ്പതിനെട്ട് മിനിറ്റുകള്‍ക്ക് ശേഷവും സിനിമ ഏല്‍പ്പിക്കുന്ന ശക്തമായ സമ്മര്‍ദ്ദം നമ്മെ ജാക്ക് കിടന്ന മുറിയുടെയും പുറംലോകത്തിന്റെയും അതിര്‍വരമ്പില്‍ തളച്ചിടും.
ജോയ് എന്ന തന്റെ പേരിന്റെ പൊരുളിനുതന്നെ തികച്ചും വിപരീതമായ കാര്യങ്ങളാണ് ജോയിയുടെ ജീവിതത്തിലുടെ കടന്നു പോകുന്നത്. പതിനൊന്നടി നീളവും പതിനൊന്നടി വീതിയുമുള്ള ഒരു ഭൂഗര്‍ഭ അറയില്‍ കൊടും ദുരിതങ്ങളുടേയും യാതനകളുടേയും പീഠനങ്ങളുടേയും ഏഴ് വര്‍ഷങ്ങളാണ് ജോയ് താണ്ടുന്നത്. മുയല്ദ്വാരത്തിലുടെ വേറൊരു ലോകത്തിലേക്ക് ഊര്‍ന്നുവീണ ആലിസിനെപ്പോലെ ഏഴുവര്‍ഷം മുന്‍പ് ഏകാന്തതയുടെ ലോകത്തിലേക്ക് തള്ളിവിടപ്പെട്ട ജോയിയുടെ രക്ഷകനായാണ് ജാക്ക് എത്തുന്നത്. അവനുവേണ്ടി മാത്രമാണ് പിന്നീട് ജോയ് ജീവിക്കുന്നതും. തന്റെ ശാരീരികവും മാനസീകവുമായ കൊടും വേദനകളെ നിശബ്ദമായി നേരിടുകയും മകന്റെ സന്തോഷങ്ങള്‍ പരിമിതമായ സൗകര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നിറവേറ്റുകയും ചെയ്യുക എന്നത് അവളുടെ ജീവിതചര്യയായി പരിണമിക്കുന്നുണ്ട്. ജാക്കിന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കാനായി ലഭ്യമായ ചേരുവകള്‍ ചേര്‍ത്ത് കേക്ക് നിര്‍മ്മിക്കാന്‍ അവള് മറക്കുന്നില്ല.
ചുമര്, വാഷ് ബേസിന്, അലമാര, കളിപ്പാട്ടങ്ങള്‍ തുടങ്ങി താന്‍ ദിവസവും കാണുന്ന വസ്തുക്കള്‍ക്ക് ശുഭദിനം നേര്‍ന്നുകൊണ്ടാണ് ജാക്ക് ഉണരുന്നത്. ജിജ്ഞാസുവായ ജാക്കിന് ഒരു വിലകുറഞ്ഞ ടെലിവിഷനും പഴകിയൊടിയാറായ രണ്ട് കസേരകളും ഒരു അലമാരയും അമ്മ പാഴ്വസ്തുക്കള് ഉപയോഗിച്ച് നിര്‍മിച്ച കുറച്ച് കളിപ്പാട്ടങ്ങളുമാണ് സ്വന്തമായിട്ടിള്ളത്. തന്റെ ഒരു പല്ല് സ്വമേധയാ പറഞ്ഞുപോകുന്നതുവരെ കൊടും വേദന സഹിച്ച് നാളുകള്‍ കഴിച്ച അമ്മയുടെ പല്ല് അമൂല്യവസ്തുവായി ജാക്ക് സൂക്ഷിക്കുന്നുണ്ട്. പ്രകാശം, സൂര്യന്, ചന്ദ്രന്, ആകാശം എന്നിവയെല്ലാം അവന് തലയ്ക്ക് മുകളില്‍ മച്ചില്‍ ചില്ലുകൊണ്ടുമറച്ച ഒരു ചതുരദ്വാരം മാത്രമാണ്. മലര്‍ന്നുകിടന്ന് മഴയുടെ ചലച്ചിത്ര സമാനമായ ദൃശ്യങ്ങളും ആകാശത്തിന്റെ ഒരു കീറും അവന് ആസ്വദിക്കുന്നുണ്ട്.
സ്ഥല-കാലങ്ങള്‍ക്കതീതമായി സംഭവത്തെ രൂപപ്പെടുത്തി അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നത് സിനിമയുടെ വിജയത്തിന്റെ ഒരു പ്രധാന കാരണമാണ്. മനുഷ്യന്റെ സാമൂഹിക ബോധത്തെയാണ് റൂം അഭിസംബോധന ചെയ്യുന്നത്. വിചിത്ര മാനസീക സഞ്ചാരങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന് എപ്പോള്‍ ഏത് രീതിയില്‍ പരിണമിക്കും എന്നത് പ്രവചനങ്ങള്‍ക്ക് അതീതമാണ്. അപരനെ കടുത്ത ഏകാന്തതയിലേക്കും കടുത്ത മാനസിക പ്രതിസന്ധിയിലേക്കും തള്ളിവിടുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന മനുഷ്യര്‍ നമുക്കിടയില്‍ ഉണ്ടാകാം.
ജാക്കിന് പൂര്‍ണമായും മനസ്സിലാകാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് അവനും അവന്റെ അമ്മയും ഓള്‍ഡ് നിക്ക് എന്ന പേരില്‍ പരിചയപ്പെടുത്തിയ ഒരാളുടെ തടവറയിലാണ് എന്നതാണ്. ഇതേക്കുറിച്ച് അവന് അറിയാവുന്നത് ഓള്‍ഡ് നിക്ക് തന്റെ അമ്മയെ ‘സന്ദര്‍ശിക്കാന്‍’ വരുമ്പോള്‍ അവന് ഒളിച്ചിരിക്കണം എന്നത് മാത്രമാണ്. രണ്ടാമത്തെ കാര്യം ലോകം എന്നത് അവര്‍ താമസിക്കുന്ന ഒരു മുറിയാണെന്നും അവന് ടെലിവിഷനില്‍ കാണുന്നതെല്ലാം അയഥാര്ത്ഥമാണുമെന്ന അമ്മയുടെ വിശദീകരണത്തിന്റെ പൊരുള്‍ ആണ്. സ്വയം ഉയര്‍ത്തുന്ന ചോദ്യങ്ങളിലൂടെ തന്റെ സന്ദഹങ്ങള്ക്ക് ഉത്തരം അന്വേഷിക്കുന്ന ജാക്കിനു മുന്പില് സത്യങ്ങള്‍ ഓരോന്നായി വെളിപ്പെടുന്നു.
ജാക്ക് വളരുന്നതിനനുസരിച്ച് കൂടുതല്‍ അന്വേഷണത്വരയുള്ളവനാകുന്നതും ഓള്‍ഡ് നിക്ക് പ്രായം കൂടുന്നതിനനുസരിച്ച് കൂടുതല്‍ കൂടുതല്‍ ക്രൂരനാവുന്നതും രക്ഷപ്പെടലിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ ജോയിയെ പ്രേരിപ്പിക്കുന്നു. ഒരു ഘട്ടത്തില്‍ ജാക്കിനെ കാര്‍പ്പെറ്റില്‍ പൊതിഞ്ഞുവെച്ച് തന്റെ മകന് മരണപ്പെട്ടെന്നും അതിനുത്തരവാദി ഓള്‍ഡ് നിക്കാണെന്നും ജോയ് വിലപിക്കുന്നു. ‘ശവശരീരം’ സംസ്കരിക്കാനായി പുറത്തുകൊണ്ടുപോകുമ്പോള്‍ നിക്കില്‍ നിന്നും രക്ഷപ്പെടുക എന്ന അവരുടെ പദ്ധതി വിജയം കാണുന്നു.
സ്വതന്ത്രമാവുക എന്നതും സ്വാതന്ത്ര്യം അനുഭവിക്കുക എന്നതും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. തന്റെ പുതിയ ഭര്‍ത്താവ് ലിയോയുടെയും അമ്മ നാന്സിയുടെയും കൂടെ ശിഷ്ടജീവിതം ജീവിച്ചുതീര്‍ക്കുമ്പോള്‍ ജോയിയുടെ തിരിച്ചറിവുകള്‍ സ്വതന്ത്രജീവിതങ്ങളുടെ സൂക്ഷ്മവിശകലനമാവുകയാണ്. ഒരു ഭൂഗര്‍ഭ അറയുടെ ചെറിയ ലോകത്തുനിന്നും വലിയ ഒരു ലോകത്തേക്ക് കടന്നുവരുന്ന ജാക്ക് ആന്തരികലോകത്തെയും ബാഹ്യലോകത്തെയും ആകാശത്തെയും കുറിച്ചുള്ള തന്റെ ധാരണകളെ പുനര്‍നിര്‍വ്വചിക്കുകയും അതുമായി സമരസപ്പെട്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സൂക്ഷ്മമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്. എല്ലാറ്റിലും ഒരു ആന്തരികലോകമുണ്ടെന്നും ഒരു ബാഹ്യലോകമുണ്ടെന്നും തിരിച്ചറിയാന്‍ ആ കുഞ്ഞിന് പെട്ടന്നുതന്നെ കഴിയുന്നു.
വളരെ സ്വാഭാവികമായി സംഭവങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ ഒരു പ്രത്യേകത. സിനിമയുടെ ഭൂരിഭാഗവും ജാക്കിന്റെ കണ്ണിലൂടെ അവതരിപ്പിക്കപ്പെടുന്നതിനാല് ഒരു കുട്ടിയുടെ വീക്ഷണത്തിലെ ലാളിത്തം സിനിമയിലുടനീളം നിഴലിക്കുന്നുണ്ട്. മുറിയില്‍ നിന്നും രക്ഷപ്പെടുന്ന രംഗങ്ങള്‍ വരെ ജാക്കിലൂടെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ സ്വാഭാവികത ചോര്‍ന്നുപോകാതെ അവതരിപ്പിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട്.
ഐറിഷ് – കനേഡിയന്‍ എഴുത്തുകാരി എമ്മ ഡൊണോ (Emma Donoghue) ഓസ്ട്രേലിയയിലെ ആംസ്റ്റെട്ടണ്‍ എന്ന നഗരത്തില്‍ നടന്ന കുപ്രസിദ്ധമായ ഫ്രിറ്റ്സല് കേസിനെ ആധാരമാക്കി എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് റൂം. 2008 ല്‍ ജോസഫ് ഫ്രിറ്റ്സല് എന്നൊരാള്‍ തന്റെ മകള്‍ എലിസബത്ത് ഫ്രിറ്റ്സലിനെ ഇരുപത്തി നാല് വര്‍ഷം ബന്ദിയാക്കി വെച്ച് പീഠിപ്പിക്കുകയും അതില്‍ ഏഴ് കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു.
സിനിമയില്‍ കഥാപാത്രങ്ങള്‍ എന്നതിനപ്പുറം യഥാര്‍ത്ഥമനുഷ്യരായി ജാക്കിനേയും ജോയിയേയും നിക്കിനേയുമൊക്കെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു എന്നതുകൊണ്ടാണ് സിനിമ ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ തല്‍സമയ സംപ്രേക്ഷണമായി അനുഭവപ്പെടുത്താന്‍ എഴുത്തുകാരിയ്ക്കും സംവിധായകനും സാധിച്ചത്.
തന്റെ ഓരോ സിനിമയ്ക്കും തികച്ചും വ്യത്യസ്തമായ പ്രമേയങ്ങള്‍ കണ്ടത്തുന്നതില്‍ അതീവ ശ്രദ്ധാലുവാണ് ഐറിഷ് ചലച്ചിത്ര രംഗത്തെ ശ്രദ്ധേയനായ ലെനി എബ്രഹാംസണ്‍ (Lenny Abrahamson) എന്ന സംവിധായകന്. റൂം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെ ഐറിഷ് ചലച്ചിത്രത്തിന്റെ ചരിത്രത്തില്‍ കൃത്യമായി അടയാളപ്പെടുത്തിവെക്കുന്നുണ്ട്. തന്റെ മകനെ വളര്‍ത്താന്‍ ജോയ് ഭാവനയിലൂടെ സൃഷ്ടിച്ചെടുക്കുന്ന ഒരു ലോകവും, ജാക്കിന് പുറം ലോകത്തിലേക്കുള്ള ഏക വാതിലായി മാറുന്ന, മികച്ചതല്ലാത്ത ദൃശ്യങ്ങള്‍ മാത്രം കാണിക്കുന്ന ഒരു പഴയ ടെലിവിഷനും ഒരു ഛായാചിത്രം പോലെ മച്ചില്‍ പ്രത്യക്ഷപ്പെടുന്ന ആകാശക്കീറും സൃഷ്ടിച്ചെടുക്കുന്നതില്‍ അനുപമമായ മിടുക്കാണ് ഈ സംവിധായകന് കാണിക്കുന്നത്.
ഏകാന്തതയുടെ സൂക്ഷ്മാംശങ്ങള്‍ അതിന്റെ എല്ലാ വികാരങ്ങളോടുമൊപ്പം പകര്‍ത്തുന്നതില്‍ ഡാന്നി കോഹന്റെ (Danny Cohen) കാമറ പൂര്‍ണമായും വിജയിച്ചിട്ടുണ്ട്. ദൃശ്യങ്ങളെ അര്‍ത്ഥപൂര്‍ണമായി സംയോജിപ്പിക്കുന്നതില്‍ നഥാന്‍ ന്യൂജെന്റ് (Nathan Nugent) എന്ന എഡിറ്ററുടെ കരവിരുത് പ്രകടമാണ്. തന്റെ തന്നെ നോവലിന് ഒഴുക്കുള്ള തിരക്കഥ തയ്യാറാക്കാന്‍ എമ്മ ഡൊണോയ്ക്കും (Emma Donoghue) കഴിഞ്ഞിട്ടുണ്ട്.
കഥാപാത്രങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും സംവിധായകന് അതീവ ശ്രദ്ധ പുലര്‍ത്തി എന്നത് സ്പഷ്ടമാണ്. ജോയ് ആയി രൂപാന്തരപ്പെടുന്ന ബ്രീ ലാര്സണ് (Brie Larson) കാഴ്ചവെക്കുന്ന പ്രകടനം അവിസ്മരണീയമാണ്. ജേക്കബ് ട്രംബ്ലേ (Jacob Tremblay) അവതരിപ്പിച്ച ജാക്ക് ചലച്ചിത്ര പ്രേമികളുടെ മനസില്‍ മായാതെ നില്ക്കും. ഓള്‍ഡ് നിക്കിന്റെ ക്രൂരത മുഴുവന്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ച സിയാന് ബ്രിഡ്ജേഴ്സ് (Sean Bridgers), ജോയിയുടെ അമ്മയായെത്തിയ ജോഅന്‍ അലന് (Joan Allen), അച്ഛനായെത്തിയ വില്യം മാക്കെ (Willian H Macy) തുടങ്ങിയവരും സിനിമയില്അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നു.
ജാക്കിനെപ്പോലെ ബുദ്ധിശാലിയാണ് അവര്‍ താമസിക്കുന്ന മുറിയും. മുറി നല്കുന്ന ക്രൂരമായ ഏകാന്തത കാണികളില്‍ കടുത്ത മാനസീക പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്, പലപ്പോഴും. വിശാലമായ ഈ ലോകത്തില്‍ നമ്മുടെ സ്ഥാനം അടയാളപ്പെടുത്തിയാല്‍ അത് എവിടെയാകുമെന്നും, അവിടെ നമ്മുടെ സാന്നിദ്ധ്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്നുമുള്ള കാര്യങ്ങള്‍ നമ്മള് ചിന്തിച്ചു തുടങ്ങുന്നു. ഒരോ മനുഷ്യനും ഇതുപോലുള്ള, ചിലപ്പോള്‍ അല്‍പ്പം കൂടി വലുതായ മുറിയ്ക്കകത്ത് അടയ്ക്കപ്പെട്ടവനല്ലേ എന്ന ചോദ്യം ഈ സിനിമയുടെ കാഴ്ചകള്‍ക്കിടയില്‍ നമ്മുടെ മുന്നിലേക്ക് കടന്നു വരാം. ജാക്കിന്റെ ലോകം ഒരു മുറിയാണ്. അവന് അറിഞ്ഞതും വിശ്വസിച്ചതും ഇഷ്ടപ്പെടുന്നതുമാണ് അവന്റെ സത്യം. അവിടെ സംഭവിക്കുന്നതെന്തും, ഒരില പൊഴിയുന്ന ശബ്ദം വരെ അവന് ചോദ്യം ചെയ്യുന്നു. പ്രപഞ്ചത്തിന്റെ ഒരു സൂക്ഷ്മകോണില് നമ്മെ അടയാളപ്പെടുത്തുമ്പോള്‍ ജാക്കിനെ പോലെ എന്നാണ് നമുക്ക് അതില്‍ ഓരോ അംശത്തെയും ചോദ്യം ചെയ്യാനുള്ള ശക്തി ലഭിക്കുക എന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
____
Inquisitive Questioning for Promoting Reading in ESLclasses
Inquisitive Questioning for Promoting Reading in ESLclasses